Kerala
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ 21000 കോടി രൂപയുടെ പ്രത്യേക സാന്പത്തിക പാക്കേജ് നൽകണമെന്നു കേരളം. കേന്ദ്ര ബജറ്റിനു മുന്നോടിയായി സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരെ ഉൾപ്പെടുത്തി നടന്ന ബജറ്റ് കണ്സൾട്ടേഷൻ യോഗത്തിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഈ ആവശ്യം ഉന്നയിച്ചത്.
ജിഎസ്ടി പുനഃക്രമീകരണവും അമേരിക്കൻ തീരുവയും സംസ്ഥാനത്തിന്റെ സാന്പത്തികസ്ഥിതിയെ സാരമായി ബാധിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. ജിഎസ്ടി പുനഃക്രമീകരണം മൂലം 8,000 കോടി രൂപ വാർഷികനഷ്ടവും അമേരിക്കൻ തീരുവ മൂലം കയറ്റുമതി മേഖലയ്ക്ക് 2,500 കോടി രൂപയുടെ വാർഷികനഷ്ടവും സംഭവിച്ചു.
കടമെടുപ്പ് പരിധിയിൽ 17,000 കോടി രൂപ വെട്ടിക്കുറച്ചതും സംസ്ഥാനത്തിന്റെ സാന്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് എയിംസ്, റബറിന്റെ താങ്ങുവില 200 രൂപയിൽനിന്ന് 250 രൂപയാക്കി ഉയർത്തുക, നെല്ല് സംഭരണ പരിഷ്കരണത്തിന് 2000 കോടി രൂപ, പ്രവാസി ക്ഷേമ പദ്ധതി, വന്യമൃഗ ശല്യം പരിഹരിക്കാൻ 1000 കോടി രൂപ, ദേശീയപാത ഭൂമി ഏറ്റെടുക്കലിന് ചെലവായ 6000 കോടി രൂപ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളും കേരളം യോഗത്തിൽ ഉന്നയിച്ചു.
നാവിക അക്കാദമി, കൊച്ചിൻ ഷിപ്പ്യാർഡ്, ബ്രഹ്മോസ് എയ്റോസ്പേസ് എന്നിവ ഉൾപ്പെടുത്തി കേരളത്തിൽ പ്രതിരോധ ഗവേഷണ ഇടനാഴി സ്ഥാപിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
District News
കൊട്ടാരക്കര : താലൂക്ക് ആശുപത്രിയുടെ നിര്‍മാണം ഉടന്പൂര്ത്തീകരിക്കുമെന്നു മന്ത്രി കെ.എന്‍.ബാലഗോപാല്‍. വെളിയം പഞ്ചായത്തിലെ വാപ്പാല കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിര്‍മിച്ച ഓഫീസ് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രാദേശിക വികസനഫണ്ടില്‍നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ഓഫീസ് ബ്ലോക്ക് ഒരുക്കിയത്.
വെളിയം പഞ്ചായത്ത് പ്രസിഡന്റ് ആര്.പ്രശാന്ത് അധ്യക്ഷനായി. മുന്‍ എംഎല്‍എ അയിഷ പോറ്റി മുഖ്യാതിഥിയായി.
Business
തിരുവനന്തപുരം: ലോകത്തിലെ ഉയർന്ന അൾട്രാമാരത്തൺ എന്നറിയപ്പെടുന്ന ഖാർദുംഗ് ലാ ചാലഞ്ച് പൂർത്തിയാക്കിയ ആദ്യ മലയാളി വനിതയായ സോജ സിയയെ അഭിനന്ദിച്ച് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ.
കെഎസ്എഫ്ഇ സ്പെഷ്യൽ ഗ്രേഡ് അസിസ്റ്റന്റായ കോട്ടയം സ്വദേശിനി സോജ സിയ തന്റെ 47-ാം വയസിലാണ് 5,370 മീറ്റർ ഉയരത്തിലുള്ള ഖാർദുംഗ് ലാ ചലഞ്ച് പൂർത്തിയാക്കി ചരിത്രത്തിൽ ഇടം നേടിയത്. സോജയുടെ ഖാർദുംഗ് ലാ ചലഞ്ച് സ്പോൺസർ ചെയ്തത് കെഎസ്എഫ്ഇ ആണ്.
സോജയ്ക്കും ശ്രമങ്ങൾക്ക് പരിപൂർണ പിന്തുണ നൽകി ഒപ്പം നിന്ന കെഎസ്എഫ്ഇക്കും അഭിനന്ദനങ്ങൾ നേരുന്നതായി മന്ത്രി പറഞ്ഞു. മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ സോജയെ പുരസ്കാരം നൽകി ആദരിച്ചു. കെഎസ്എഫ്ഇ ചെയർമാൻ കെ. വരദാരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ തുടങ്ങിയവർ പങ്കെടുത്തു.
കായിക ലോകത്തേക്കുള്ള സോജയുടെ ആദ്യ ചുവടുവയ്പ് അത്ലറ്റിക്സിന് പേരുകേട്ട കോരുത്തോട് സികെഎം സ്കൂളിൽ നിന്നായിരുന്നു. ദ്രോണാചാര്യ അവാർഡ് ജേതാവും പ്രശസ്ത അത്ലറ്റിക്സ് പരിശീലകനുമായ കെ.പി. തോമസ് മാഷിന്റെ ആദ്യകാല ശിഷ്യരിൽ ഒരാളാണ് സോജ.
നിലവിൽ കെഎസ്എഫ്ഇ പൂജപ്പുര ബ്രാഞ്ചിലെ സ്പെഷ്യൽ ഗ്രേഡ് അസിസ്റ്റന്റും ഐ ടെൻ റണ്ണേഴ്സ് ക്ലബിലെ സജീവ അംഗവുമാണ് സോജ.
സിയാവുദ്ദീൻ - പരേതയായ ഹസീന ദമ്പതികളുടെ മകളാണ്. ഭർത്താവ് ഷാംനാദും മകൻ അസീം ഷായും സോജയുടെ സ്വപ്നങ്ങൾക്ക് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.